Monday, December 21, 2009

ഒരു വിരല്‍ കൊണ്ട്..


കരിഞ്ഞ കാടിന്‍റെ ഉള്ളില്‍
തനിച്ചു നില്‍പ്പാണിപ്പോഴും,
വെളിച്ചത്തിന്‍ ശിലയില്‍
ഒറ്റ വിരലാല്‍ എഴുതും
ശിശിരത്തിന്‍ പ്രണയം.

Tuesday, December 15, 2009

കാഴ്ച


അക്ഷരവും ദൂരവും ഒത്തുതീര്‍പ്പില്ലാതെ
കലഹിയ്ക്കുന്ന പേജുകളില്‍,
ഈ രണ്ടു ചില്ല് തുണ്ടുകള്‍ തെളിച്ചു തരുന്നത്
തന്നെയോ വാക്ക്?
കാഴ്ചയ്ക്കും കണ്ണിനുമിടയില്‍
വീണു പോകുന്ന എന്‍റെ ലോകമേ
കണ്ണടയുടെ ഈ സഞ്ജയ വേഷം
പറഞ്ഞു തരുന്നത് തന്നെയോ നീ?

Tuesday, December 8, 2009

വെയില്‍മഞ്ഞിലാരോ 2


click the picture for a bigger view

നിഴല്‍ തെളിയാന്‍ തുടങ്ങുമ്പോള്‍ മുതല്‍
വഴി കാതോര്‍ത്തു തുടങ്ങും,
വീണു കിട്ടുന്ന ഓരോ വാക്കും
എടുത്തു വെയ്ക്കും,
അതിങ്ങനെ എടുത്തു വെച്ചവയില്‍ നിന്നുമാവണം,
അനാദിയായ അതിന്‍റെ കിടപ്പില്‍
നിറയെ പച്ചയുണ്ടാവുന്നത്
വിജനതകളില്‍ ആ വഴി ഓര്‍ത്തെടുക്കുന്ന
ഏറ്റവും പ്രീയപ്പെട്ട വാക്കാവണം
മഞ്ഞു പോലിങ്ങനെ പോവാതെ മൂടി നില്‍ക്കുന്നത്..
വളവു തിരിഞ്ഞു പോയ വണ്ടിയില്‍
കരഞ്ഞു ചുവന്ന വെളിച്ചമായി
ഒരു നോട്ടത്തെ പതിച്ചു വെയ്ക്കുന്നത്..

Monday, November 30, 2009

വെയില്‍ മഞ്ഞിലാരോ-1


ആരുടെയോ ഏകാന്തത പോലെ
ഒന്ന് തൊടൂ എന്ന് വിറയ്ക്കുന്ന മഞ്ഞില്‍,
നിറഞ്ഞ കണ്ണുകള്‍ കൊണ്ടു നോക്കുമ്പോലെ
മാഞ്ഞു പോയ വഴിയില്‍,
നിന്‍റെ കയ്യിലെ കൂടയില്‍ നിന്നാണോ
ഇപ്പോള്‍ ഇത്രയും വെയില്‍?

Thursday, November 26, 2009

കണ്ണേ..

Tuesday, October 27, 2009

പിന്നെ ഇരുട്ടാണ്‌


തീര്‍ന്നു പോകുന്നു എന്ന തോന്നലാണോ
എല്ലാം ഇത്ര സുന്ദരമാക്കുന്നത്?

Friday, October 16, 2009

വെളിച്ചം, നിഴല്‍.



വഴിയിലെല്ലാം ഒരുപാട് വിളക്കുകള്‍ ഒരുമിച്ചു
എരിഞ്ഞു നില്‍ക്കുന്നു, വെളിച്ചം കൊണ്ടു
മതില് കെട്ടിയ മുറ്റങ്ങളിലെല്ലാം പൂത്തിരി പോലെ
കുഞ്ഞുങ്ങള്‍.. ഇരുട്ടിനെന്തറിയാം!
ഈ പടം ദീപാവലിയ്ക്കെന്നു മനസ്സിലോര്‍ത്തു
ഇവിടെ വന്നിരിയ്ക്കുമ്പോള്‍ തുളസിയുടെയും
വിമലിന്റെയും പുതിയ പോസ്റ്റ്‌,
ഇരുട്ടിനേ അറിയൂ..
ഇരുട്ടിനേ അറിയൂ..
ഇരുട്ട് പോലൊരു കുഞ്ഞു വന്നു ഉള്ളിലെ
ഒറ്റത്തിരി ഊതി..
എങ്കിലും നിറയെ വിളക്കുകള്‍ കണ്ട ഈ
സന്ധ്യയുടെ ഓര്‍മ്മ ഇവിടെയിരിയ്ക്കട്ടെ,

Monday, October 12, 2009

നിശ്ചലതയുടെ കൊത്തു പണികള്‍


മുകളിലൂടൊരു ലോകം പാഞ്ഞുപോകുമ്പോള്‍
ഭാവന കൊണ്ടു ലോകം ചുറ്റുന്ന പെണ്‍കുട്ടിയെപ്പോലെ
ഒഴുക്കുകള്‍ സ്ഫുടം ചെയ്തെടുത്ത
ആത്മാവിനാല്‍ കല്ലുകള്‍ സ്വയം ഒഴുക്കായി,
അതു കണ്ട് ഒരൊറ്റ കണ്ണ് ചിമ്മലില്‍ ആകാശം
എടുത്തു വെച്ചതാണീ ജലഭൂപടം,
ഒഴുകി മറഞ്ഞു പോകുമായിരുന്ന
ഒരു നിമിഷത്തെ കൊത്തി വെയ്ക്കുമ്പോള്‍
കൂടെ വന്നു ഒരു മരത്തിലെ മുഴുവന്‍
ഇലകളുടെയും ശ്വാസം.

Tuesday, September 29, 2009

ജീവിതത്തിന്‍റെ അകത്തേ മുറിയില്‍



ഹൃദയത്തില്‍ നിന്ന് നേരെ വരുന്നൊരു
നീര്‍ച്ചാലുണ്ട് എന്‍റെ ഉള്ളം കൈയില്‍.
നിനക്ക് മീതെ നടന്നു പോയ
എല്ലാ ഋതുക്കളേയും ഞാനതിന്റെ
കരയില്‍ തിരികെ നടും,
ജീവിതത്തിന്‍റെ അകത്തേ മുറിയില്‍
വിരല്‍ തുമ്പിന്റെ ചലനങ്ങള്‍ കൊണ്ടു
നിന്‍റെ പശിമയെ
നെഞ്ചിടിപ്പുള്ളൊരു ശില്പ്പമാക്കും!

Sunday, September 20, 2009

പ്രാര്‍ത്ഥന


പിറ തെളിയുന്ന രാത്രിയില്‍ ആകാശത്തോട്
ചോദിയ്ക്കണം, ഈ നിലാവിനെ എവിടെയാണ്
ഇത്ര ദിവസം ഒളിപ്പിച്ചു വെച്ചതെന്ന്,
ജപമണികള്‍ തിരിയും പോലെ,
നിന്‍റെ വിരല്‍ ത്തുമ്പുകള്‍ക്കിടയില്‍
ഉരുവിട്ട് തീരാത്ത പ്രാര്‍ത്ഥനയായി
ഞാനുണ്ടായിരുന്നെങ്കില്‍ എന്നു ആരുടെയോ
രാത്രികള്‍ പറഞ്ഞു കൊണ്ടിരുന്നത് കേട്ടുവോ എന്ന്..

പെരുന്നാള്‍ ആശംസകള്‍!

Tuesday, September 1, 2009

പൂക്കളാണെങ്ങും


തെരുവില്‍ ത്മിഴ് സ്ത്രീകള്‍ വില്‍ക്കാന്‍
കൂട്ടിയിട്ട പൂക്കൂമ്പാരങ്ങള്‍,സുഗന്ധങ്ങള്‍ അഴിച്ചു വെച്ച
അതിന്‍റെ വാടിയ നിറങ്ങള്‍.
മുറ്റത്ത്‌, കടത്തിണ്ണകളില്‍
ബാല്‍ക്കണിയിലെ ഇത്തിരി വട്ടത്തില്‍,
എങ്ങും പൂവുകള്‍.
മക്കളെ സ്ക്കൂളില്‍ വിടാന്‍ എന്നും നടക്കുന്ന ഈ വഴിയിലെ
പൂത്തു ചൊരിയുന്ന മരം,
പൂക്കളില്‍ ചവിട്ടാതെ കടക്കാന്‍ പറ്റാത്ത വിധം
വഴി നിറയെ പൂക്കള്‍.
നീ മാത്രമിങ്ങനെ നിറഞ്ഞു കവിയുന്നതെന്തെന്നു
ചോദിയ്ക്കും പോലെ നോക്കി മറ്റു മരങ്ങള്‍.
ഓരോ പഴങ്കഥകള്‍ കൊണ്ടെങ്കിലും
പൊലിപ്പിച്ചെടുക്കാന്‍ വര്‍ഷത്തില്‍ ഇത്തിരി
സന്തോഷങ്ങള്‍ നമ്മോടു കൂടെയിരിയ്ക്കട്ടെ.
ഓണാശംസകള്‍.

Saturday, August 8, 2009

കല്ലുറവ


അരഞ്ഞരഞ്ഞു തീരുമ്പോഴാണ് മിനുസങ്ങളിലേയ്ക്കു പാകപ്പെടുക
അരികുകള്‍ പോലും മൂര്‍ച്ചയായിരുന്ന കല്ലിന്‍റെ പ്രാചീനതയില്‍ നിന്നും
നടുക്‌ കുഴിഞ്ഞൊരു അരകല്ലാകുമ്പോള്‍, അടുക്കളപ്പുറത്ത്
എനിയ്ക്ക് കാണാം കണ്ണാടിയില്‍ സ്വയം എന്ന പോലെ ഒരുവളെ,
എണ്ണ കിനിയുമെന്നു തോന്നും വിധം തേഞ്ഞു മിനുത്ത വിരലുകളെ.
അവള്‍ തൊടുമ്പോള്‍ മാത്രം എനിയ്ക്ക് കേള്‍ക്കാം
പണ്ടെങ്ങോ അരികിലൂടെ ജലമൊഴുകിയ അതേ സ്വരം.

(ഇത് നന്ദയ്ക്കും ലേഖയ്ക്കും, ജലം പോലെ തൊട്ട സ്നേഹങ്ങള്‍ക്ക്‌)

Wednesday, August 5, 2009

മഴത്തിണ്ണ-രണ്ട്


പതിവ് വഴിയില്‍ പലയിടങ്ങളിലായി
മാറി മാറി കാണുന്നൊരാള്‍,
എത്ര കാലമായിട്ടുണ്ടാവും മഴയ്ക്കും
വെയിലിനുമിങ്ങനെ കുടശീല തുന്നുന്നു,
മരച്ചോട്ടിലും കുട മറവുകളിലുമിരുന്ന്
പല ജീവിതങ്ങള്‍ക്ക് തണലും തോര്‍ച്ചയുമാകുന്നു

Sunday, August 2, 2009

മഴത്തിണ്ണ-ഒന്ന്


തിരികെ വരുമ്പോള്‍ ‍ കണ്ടു,
മഴയിലേയ്ക്കയാള്‍ കുടയില്ലാതെ
ഇറങ്ങി നടക്കുന്നു,
നനയുന്നുന്ടെന്ന ഭാവമേയില്ലാതെ.
അല്ലെങ്കില്‍ ഒരു പക്ഷെ
മഴ പെയ്തിട്ടേ ഇല്ലായിരിയ്ക്കാം!

Tuesday, July 14, 2009

ഉടയാന്‍ മറന്നത്



പിന്നാമ്പുറത്ത് കൂട്ടിയ കല്ലടുപ്പില്‍
കാറ്റ് തീയെ ഉന്മാദിയാക്കുന്നത് കണ്ടും
നെല്ല് പുഴുങ്ങുന്നതിന്‍റെ മണത്തിലേയ്ക്ക്‌
മുഖം കാട്ടിയും നിന്നവളോട് പൊള്ളരുതേയെന്നു
തീയിലും കിനിഞ്ഞ പെണ്മ,
കുമ്മായം കലക്കി വലിച്ചെറിഞ്ഞ ഒരോര്‍മ്മ.

Saturday, July 11, 2009

വെയിലിന്‍റെ ചില്ലകള്‍.


ജനലഴിയ്ക്കപ്പുറം നിന്ന്
മെല്ലിച്ച കൈവിരലുകള്‍ കൊണ്ട്
വെയില്‍ വരയ്ക്കയാണ്,
വേനലില്‍ മരിച്ച ചില്ലയെ!

Sunday, June 28, 2009

ഒരു ജാലകം നിറയെ മഴ,വെയില്‍




1.മഴ
മഴ വന്നു തുറക്കുന്നു
വെയില്‍ ചാരിയ ജാലകം,
കുടയെടുക്കാതെ പോയാലും നനയില്ല,
എനിക്ക് നിന്‍റെ വീടറിയുമല്ലോ
എന്നോരോര്‍മ്മ തളിര്‍ക്കുന്നു.

2.വെയില്‍
വെയില്‍ വന്നു നോക്കും,
വിരല്‍ തൊടും,
എന്നേക്കാള്‍ പനിയ്ക്കുന്നിവള്‍ക്കെന്നു
പതിയെ പടിയിറങ്ങും.

Friday, June 26, 2009

മഴ വഞ്ചികള്‍



മഴയില്‍ വിട്ടു പോന്ന നിറമുള്ള
വഞ്ചികളെ ക്ലാസ്സു മുറിയിലിരുന്ന്
അവളിപ്പോള്‍ ‍ഓര്‍ക്കുന്നുണ്ടാവണം.

Saturday, June 20, 2009

തീപ്പെടാന്‍.


ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച ഒരു മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
എന്നെ ഏറ്റവും നല്ല കനലാക്കാന്‍?

Sunday, May 31, 2009

വെയില്‍ക്കണ്ണാടിയില്‍.



ഇരുളില്‍ നില്‍ക്കുമ്പോള്‍ ദൂരെ പൊട്ടു പോലെ
ഒരു വെളിച്ചം തെളിഞ്ഞു വരും,
ഉള്ളിലെ വിജനമായ വഴിയുടെ ഒടുക്കം
ആരവങ്ങള്‍ തീരാത്ത ഒരു മുറ്റമാവും,
അവിടെ വെയിലിലും നിഴലിലും കാണും,
ഭാഷ പഠിക്കും മുന്‍പേ പറഞ്ഞ കവിതകള്‍.
നഷ്ട്ടപെട്ടു പോയ വാക്കുകള്‍,കത്തുകള്‍, കൂട്ടുകാര്‍..
ഒന്നും മടങ്ങി വരില്ല..

Tuesday, May 26, 2009

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.



നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.

Friday, May 22, 2009

ഏകാന്തം.



മടങ്ങി വന്ന കാറ്റ്
മരത്തില്‍, മണങ്ങള്‍ കൂട്ടി വെച്ച
അതിന്‍റെ ചില്ല തിരയും പോലെ
മൌനത്തിലേക്ക് മറഞ്ഞു പോകുന്ന പകലേ
തിരികെ വരുമ്പോള്‍ എങ്ങനെ അളന്നു തീര്‍ക്കും നീയിക്കടല്‍?

Sunday, May 17, 2009

ഓര്‍മ്മയില്‍


അതിവേഗം കയര്‍ത്തുമ്പിലൂടൊരു
വളച്ചിരി വന്നു മിണ്ടിയത്‌,
വേരുകള്‍ പറഞ്ഞു തന്ന ഒഴുക്കെന്ന കിനാവ്
കര കവിയാന്‍ കൊതിപ്പിക്കെ
കോരിയെടുത്ത് പുഴയാക്കിയത്,
വേനലില്‍ വെന്തു വറ്റുമ്പോഴും
കുളിരെന്നു തിരുത്തിയത്,
പുല്ലുകള്‍ പച്ചയില്‍ തളിര്‍ത്തു നിന്നത്,
എന്‍റെ ആഴങ്ങളില്‍ അവസാനമായി
നിന്‍റെ മുഖം തെളിഞ്ഞത്..
അതൊക്കെ എന്നായിരുന്നു..

Saturday, May 2, 2009

പാളങ്ങള്‍



ഓര്‍മ്മയുടെ അങ്ങേയറ്റം മുതല്‍ യാത്രകള്‍ക്ക്
തീവണ്ടിയുടെ താളമുണ്ട്‌,
ജീവിതമെന്നാല്‍ ഇങ്ങനെയെന്ന് പറയുമ്പോലെ
ഭൂമിക്കു മീതെ വരച്ചിട്ട സമാന്തര രേഖകള്‍..
ഒന്നിടറിയാല്‍ തകിടം മറിഞ്ഞു പോകാന്‍
പരസ്പരം കോര്‍ത്തിട്ട ബോഗികള്‍
ഇതിലെ പാഞ്ഞു വരും...
വേഗതയുടെ രാജാധികാരം പോലെ സര്‍വ്വവും
കുലുക്കി കടന്നു പോകും..
അപ്പോഴും,
ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,
ചെറിയ ഇളക്കങ്ങളെ ചേര്‍ത്തുറപ്പിക്കാന്‍...

Tuesday, April 28, 2009

എന്റെ കരയേ, മരമേ, ആകാശമേ



മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

Sunday, April 19, 2009

വെയില്‍പ്പൂച്ച


നാട്ടിലെ പഴയ അടുക്കള വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍
തകര്‍ന്നു കിടക്കുന്ന ഒരു വിറകു പുരയാണ്.
ഇവിടെയാണ്‌ ഇനി വരാത്ത മണങ്ങളും രുചിയും
എന്നെ ഊട്ടിയത്,
അന്ന് തിരിച്ചറിയാതെ പോയ സ്നേഹം ഇലവാട്ടി
പൊതികെട്ടി തന്നത്,
വിറകും തൊണ്ടും കുന്നുകൂടിയ ഇരുട്ടില്‍
വെറുതെ തിരയുമ്പോള്‍
പഴയ ഊണ് മേശയ്ക്കടിയില്‍ നിന്നെന്ന പോലെ
ഇറങ്ങി വന്നതാണീ പൂച്ച
ഞാനിപ്പഴും ഇവിടെ തന്നെ എന്ന് പറയും പോലെ...
പച്ച കെടാത്ത വിറകൂതി ആരോ അടുപ്പ് കത്തിക്കുന്നുണ്ടോ,
കണ്ണുകള്‍ വെറുതെ...

Sunday, April 12, 2009

കലത്തിന്റെ കഴുത്തിലെ നീരു വറ്റിയ വറ്റ്‌



നിന്റെ നനവ്
ഇപ്പോഴും
ബാക്കിനില്‍ക്കുന്നതവാം
തീയാളിയിട്ടും
ചൂടേറിയിട്ടും
ഞാനിങനെ
അടര്‍ന്ന്‌ പോവാതെ
ഒട്ടിയിരിക്കുന്നത്‌
- നജൂസിന്റെ കവിത

Thursday, April 2, 2009

അടുക്കള



“കരിഞ്ഞും തിളച്ചു തൂവിയും
ഗന്ധമറിയിക്കുന്ന സ്വപ്നങ്ങളെ,
എത്ര എരിഞ്ഞിട്ടും
പാകമാകാത്ത ജീവിതമേ”

Sunday, March 29, 2009

കടലെടുക്കാത്ത വാക്കേ



ജീവന്‍റെ പരാഗമായി നീ കടല്‍ മുറിക്കെ,
വിരല്‍ തൊട്ടതൊക്കെയും കാറ്റെടുക്കും..
മായ്ച്ചോട്ടെ തിരകളീയക്ഷരം, കണ്മണീ
കടലെടുക്കാത്ത വാക്കായി നില്‍ക്ക നീ.

Sunday, March 22, 2009

വിരുന്നിനുണ്ടോര്‍മ്മകള്‍.



ഒരു തണലുണ്ടായിരുന്ന-
തെവിടെയെ-
ന്നിളവെയില്‍
പിറ്റേന്ന് തിരയുകയായീ
തൊടിയില്‍.

ഒരു കാക്ക കുറുകുന്നു,
വിരുന്നിനുണ്ടോര്‍മ്മകള്‍..
--പി.പി.രാമചന്ദ്രന്‍ മാഷിന്‍റെ വീഴ്ച എന്ന കവിതയില്‍ നിന്നും.

Monday, March 16, 2009

മണ്ണ് മാന്തുന്ന യന്ത്രമേ


കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ,
മണ്ണ് മാന്തിയെടുക്കുന്ന കൈകളില്‍
പന്ത് പോലൊന്ന് കിട്ടിയാല്‍ നിര്‍ത്തണേ,
ഒന്ന് കൂക്കി വിളിച്ചറിയിക്കണേ,
പണ്ട് ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്ത് കായ്ക്കും മരമായ്‌ വളര്‍ത്തുവാന്‍.

മോഹനകൃഷ്ണന്‍ കാലടിയുടെ
'പന്ത് കായ്ക്കും കുന്ന് ' എന്ന കവിത

Friday, March 13, 2009

ഉള്ളിലുണ്ടാകുമോ ഇപ്പോഴും ഒരു പുഴ?

Tuesday, March 3, 2009

ഇലക്കണ്ണിലെ ആകാശം



കുടഞ്ഞെറിഞ്ഞാലും പോകില്ല,
ഞാനിലയുടെ സൂര്യന്‍!

Wednesday, February 25, 2009

ആകാശത്തൊരാമ്പല്‍

Monday, February 23, 2009

മണ്ണപ്പം ചുട്ട് വിളമ്പാം


Followers

FEEDJIT Live Traffic Feed

Archives

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP