Saturday, December 25, 2010

ആരുടെയോ വെയില്‍


ജീവിതത്തിന്‍റെ കനത്ത ഫ്രെയിമിനുള്ളില്‍
ഉരുകി വീഴുന്നു, ആരുടെയോ വെയില്‍...

Saturday, December 11, 2010

ഡിസംബര്‍- 2


ഭൂതകാലത്തിലേക്ക് തിരികെ നടക്കുമ്പോലെയാണ് ചില യാത്രകള്‍..
മഞ്ഞില്‍ മറഞ്ഞ ഏതോ മരം വെളിപ്പെട്ടു വരുമ്പോലെ
യാത്രകള്‍ക്ക് മാത്രം വെളിപ്പെടുത്താനാവുന്ന ഓര്‍മ്മയുടെ
ചില ഭൂരേഖകള്‍..

Wednesday, December 1, 2010

ഡിസംബര്‍ 1


ശിഖരങ്ങളെല്ലാം താഴ്ത്തി
വെറും മണ്ണില്‍ ഞാന്‍ വെയ്ക്കുന്നു
ശിശിരമേ നിനക്കുള്ള ഉമ്മകള്‍!

Friday, November 26, 2010

വസന്തം


ഇവിടെയുണ്ടിപ്പോഴും
ചിറകടക്കങ്ങളുടെ കൂട്,
മേഘങ്ങളുടെ കണ്ണു പൊത്തി
മറ തന്ന ഇലച്ചില്ലകള്‍
പിന്നെ,
നമ്മള്‍ മാത്രം മടങ്ങി വരാതിരിക്കുന്നതെങ്ങനെ
മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍
നിരന്തരം പൂക്കുമ്പോള്‍ ?

Friday, August 6, 2010

വെയില്‍ നടത്തങ്ങളില്‍


പെയ്യാതിരിക്കുമ്പോള്‍
ആഴമേറുന്ന എന്‍റെ മഴക്കാലമേ,
വെയിലാകുന്നു, നിന്നെ വരയ്ക്കാന്‍
ഏറ്റവും കടുത്ത നിറം തൊട്ട വിരല്‍..

Tuesday, May 25, 2010

ഇടയ ജീവിതം


പുഴ പോലെ ചില മനുഷ്യരുണ്ട്‌,
ഇറങ്ങി നിന്നാല്‍ ആത്മാവോളം തണുക്കും,
ആഴത്തില്‍ വന്നു മീനായി കൊത്തും,
പിടി തരാത്ത കല്ലായി വഴുക്കും.

Sunday, May 23, 2010

ചിരിച്ചോറ്


അന്തി വിണ്ണിന്റെ തുണ്ട് തിരുകിയ
കല്ലടുപ്പിന്‍ മുകളിലെച്ചട്ടിയില്‍
വെന്തുവോയെന്നു മെല്ലെക്കുനിയുന്ന
ചന്തമാര്‍ന്ന മുഖത്തോടോ, തൂമണി-
ത്തുമ്പ പൂത്തു മലര്‍ന്ന പോലീച്ചിരി?
- റഫീക്ക് അഹമ്മദ്

Sunday, May 16, 2010

എത്ര പടി ഉയരെയാണ് ജീവിതം?

Thursday, April 29, 2010

നീലയുടെ ക്യാന്‍വാസ്


പ്രണയത്തിന്റെ മഴക്കാടുകള്‍ പൂത്ത
നിന്‍റെ കണ്ണുകളിലെ വെളിച്ചം
എത്ര തുള്ളി നീലയാണ്?
-എ.ജെ.മുഹമ്മദ്‌ ഷഫീര്‍

Wednesday, April 28, 2010

വഴി


പാദങ്ങള്‍ പൊള്ളിയൊരു പാവം വേനല്‍ നടക്കുന്നു.

Sunday, April 18, 2010

വെയില്‍ മൊഴി


ഏതോ ഇലയില്‍ തിളങ്ങുന്നുണ്ട് വെയില്‍ എഴുതിയ
ആ ഒറ്റ വാക്ക്, രാത്രിയുടെ നക്ഷത്രമാകാന്‍..

Saturday, April 3, 2010

ഊഴം


കൊലക്കത്തിയേക്കാള്‍ മൂര്‍ച്ച,ഈ കാത്തു നില്‍പ്പ്..

Friday, March 12, 2010

ഫ്രെയിമില്‍ ഇല്ലാത്തത്.ചില വൈകുന്നേരങ്ങളില്‍ വെറുതെ ജാലക കാഴ്ച്ചയില്‍
തെളിയുന്ന തെരുവ്, അപ്പോഴെല്ലാം പതിവായി കാണാറുണ്ട്‌,
മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലിനു പുറത്തു
കൈവിരലുകള്‍ തിരിച്ചും മറിച്ചും നോക്കി നോക്കി
മണിക്കൂറുകളോളം നില്‍ക്കുന്നോരാള്‍.
കുട്ടിക്കാലത്ത് വീട്ടു മുറ്റത്ത്‌ വന്നു നിന്ന് വെള്ളം എന്ന് ആംഗ്യം
കാട്ടുമ്പോഴൊക്കെ പേടിച്ചോടിയതിനും അകാരണമായി
വെറുത്തതിനും പകരം പലവട്ടം ചിരിക്കാന്‍ നോക്കിയിട്ടുണ്ട്.
പക്ഷെ,അപസ്മാരത്തിന്റെ ചിതറലുകളില്‍ ഒരിക്കല്‍ മാത്രമേ
നിസ്സംഗത അല്ലാത്തൊരു ഭാവം ആ മുഖത്ത് ഞാന്‍ കണ്ടുള്ളൂ.
എന്തിനെന്നറിയാതെ കുറേ ചിത്രങ്ങള്‍ എടുത്തു വെച്ചു.
ഫ്രെയിമില്‍ ഇല്ലാത്ത ആരുടെയോ വരവോ കാലൊച്ചയോ
ഉള്ള ഈ ചിത്രം ബ്ലോഗിനെന്നു മനസില്‍ കുറിച്ചു.
തലക്കെട്ടെഴുതി മാറ്റി വെച്ച ആ രാത്രി പുലര്‍ന്നത്
ഈ ജീവിതത്തിന്‍റെ അസ്തമയത്തിലേയ്ക്ക്!
മയ്യത്ത് കണ്ടിറങ്ങുമ്പോള്‍ തോന്നി മരണം കൊത്തി വെച്ച
ഒരു തണുത്ത ചിരിയുണ്ടോ ആ മുഖത്ത്?

യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും.

Thursday, March 4, 2010

വാക്കില്ലാതെ


ഉറഞ്ഞു പോയ കൃഷ്ണ മണികളില്‍ നിന്നും
ഇറങ്ങി വന്ന കടല്‍ ഹിമക്കട്ടയാവുന്നു,
ഒടുവിലെ വാക്കിലേയ്ക്ക് പിളരുമ്പോള്‍ അറിയുന്നു,
മരണത്തോളം ആഴമുള്ള ചില നിലവിളികളുണ്ട്
നിശബ്ദത കൊണ്ടു മാത്രം ധ്വനിപ്പിക്കാനാവുന്നത്.

Wednesday, February 10, 2010

നിഴലെഴുത്ത്-ഒന്ന്


പുറത്തു നിന്നെപ്പോഴും അടഞ്ഞു പോകുന്ന ലോകമേ,
നിന്‍റെ നിറങ്ങളും നിഴലനക്കങ്ങളും
എഴുത്തായി വിവര്‍ത്തനം ചെയ്തു തരുമൊരു
വെയില്‍ വിരലുണ്ടെന്റെ ചുമരിന്നു സ്വന്തം!!

Thursday, January 28, 2010

പച്ച


നിന്‍റെ കണ്ണിലൂടെ കാണാം
എനിക്കൊരു പുഴ,
അതില്‍ നിറയെ ഞാന്‍
കണ്ടു മറന്ന മരം,
ശിഖരങ്ങളില്‍ നിന്നെപ്പോലെ
തലയാട്ടുന്ന പൂവുകള്‍,
മരങ്ങള്‍ക്കിടയിലിരുന്നു
ദൈവം പകര്‍ത്തിയെഴുതുന്നു
നമുക്കിടയില്‍ ഒഴുകുന്ന
പച്ചപ്പുള്ള കവിത

Wednesday, January 27, 2010

ഓര്‍മ്മ


ഇരുട്ട് മാത്രം ഓര്‍ത്തു വെയ്ക്കും,
യാത്ര പറയാതെ പിരിഞ്ഞവരുടെ
അവസാന രാത്രി‍ പോലെയിത്

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP