Sunday, May 31, 2009

വെയില്‍ക്കണ്ണാടിയില്‍.



ഇരുളില്‍ നില്‍ക്കുമ്പോള്‍ ദൂരെ പൊട്ടു പോലെ
ഒരു വെളിച്ചം തെളിഞ്ഞു വരും,
ഉള്ളിലെ വിജനമായ വഴിയുടെ ഒടുക്കം
ആരവങ്ങള്‍ തീരാത്ത ഒരു മുറ്റമാവും,
അവിടെ വെയിലിലും നിഴലിലും കാണും,
ഭാഷ പഠിക്കും മുന്‍പേ പറഞ്ഞ കവിതകള്‍.
നഷ്ട്ടപെട്ടു പോയ വാക്കുകള്‍,കത്തുകള്‍, കൂട്ടുകാര്‍..
ഒന്നും മടങ്ങി വരില്ല..

Tuesday, May 26, 2009

നിശബ്ദമായ ഒരു പ്രാര്‍ത്ഥന.



നിറയാന്‍ കാത്തു നില്‍ക്കാതെ
ഒഴുകി പോയ ഓരോ വാക്കിനുമറിയാം
നിശ്ശബ്ദത ഒരു ഒഴിവല്ല,
അടക്കം ചെയ്യ്ത നദികള്‍ ഉണ്ടതില്‍,
കാത്തിരുന്ന കടവുകളും.

Friday, May 22, 2009

ഏകാന്തം.



മടങ്ങി വന്ന കാറ്റ്
മരത്തില്‍, മണങ്ങള്‍ കൂട്ടി വെച്ച
അതിന്‍റെ ചില്ല തിരയും പോലെ
മൌനത്തിലേക്ക് മറഞ്ഞു പോകുന്ന പകലേ
തിരികെ വരുമ്പോള്‍ എങ്ങനെ അളന്നു തീര്‍ക്കും നീയിക്കടല്‍?

Sunday, May 17, 2009

ഓര്‍മ്മയില്‍


അതിവേഗം കയര്‍ത്തുമ്പിലൂടൊരു
വളച്ചിരി വന്നു മിണ്ടിയത്‌,
വേരുകള്‍ പറഞ്ഞു തന്ന ഒഴുക്കെന്ന കിനാവ്
കര കവിയാന്‍ കൊതിപ്പിക്കെ
കോരിയെടുത്ത് പുഴയാക്കിയത്,
വേനലില്‍ വെന്തു വറ്റുമ്പോഴും
കുളിരെന്നു തിരുത്തിയത്,
പുല്ലുകള്‍ പച്ചയില്‍ തളിര്‍ത്തു നിന്നത്,
എന്‍റെ ആഴങ്ങളില്‍ അവസാനമായി
നിന്‍റെ മുഖം തെളിഞ്ഞത്..
അതൊക്കെ എന്നായിരുന്നു..

Saturday, May 2, 2009

പാളങ്ങള്‍



ഓര്‍മ്മയുടെ അങ്ങേയറ്റം മുതല്‍ യാത്രകള്‍ക്ക്
തീവണ്ടിയുടെ താളമുണ്ട്‌,
ജീവിതമെന്നാല്‍ ഇങ്ങനെയെന്ന് പറയുമ്പോലെ
ഭൂമിക്കു മീതെ വരച്ചിട്ട സമാന്തര രേഖകള്‍..
ഒന്നിടറിയാല്‍ തകിടം മറിഞ്ഞു പോകാന്‍
പരസ്പരം കോര്‍ത്തിട്ട ബോഗികള്‍
ഇതിലെ പാഞ്ഞു വരും...
വേഗതയുടെ രാജാധികാരം പോലെ സര്‍വ്വവും
കുലുക്കി കടന്നു പോകും..
അപ്പോഴും,
ഓരോ വരവിന് മുന്‍പും മഞ്ഞിലും വെയിലിലും
ഇങ്ങനെ ചിലര്‍ കാത്തു നില്‍പ്പുണ്ടാവും,
ചെറിയ ഇളക്കങ്ങളെ ചേര്‍ത്തുറപ്പിക്കാന്‍...

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP