Tuesday, September 29, 2009

ജീവിതത്തിന്‍റെ അകത്തേ മുറിയില്‍



ഹൃദയത്തില്‍ നിന്ന് നേരെ വരുന്നൊരു
നീര്‍ച്ചാലുണ്ട് എന്‍റെ ഉള്ളം കൈയില്‍.
നിനക്ക് മീതെ നടന്നു പോയ
എല്ലാ ഋതുക്കളേയും ഞാനതിന്റെ
കരയില്‍ തിരികെ നടും,
ജീവിതത്തിന്‍റെ അകത്തേ മുറിയില്‍
വിരല്‍ തുമ്പിന്റെ ചലനങ്ങള്‍ കൊണ്ടു
നിന്‍റെ പശിമയെ
നെഞ്ചിടിപ്പുള്ളൊരു ശില്പ്പമാക്കും!

Sunday, September 20, 2009

പ്രാര്‍ത്ഥന


പിറ തെളിയുന്ന രാത്രിയില്‍ ആകാശത്തോട്
ചോദിയ്ക്കണം, ഈ നിലാവിനെ എവിടെയാണ്
ഇത്ര ദിവസം ഒളിപ്പിച്ചു വെച്ചതെന്ന്,
ജപമണികള്‍ തിരിയും പോലെ,
നിന്‍റെ വിരല്‍ ത്തുമ്പുകള്‍ക്കിടയില്‍
ഉരുവിട്ട് തീരാത്ത പ്രാര്‍ത്ഥനയായി
ഞാനുണ്ടായിരുന്നെങ്കില്‍ എന്നു ആരുടെയോ
രാത്രികള്‍ പറഞ്ഞു കൊണ്ടിരുന്നത് കേട്ടുവോ എന്ന്..

പെരുന്നാള്‍ ആശംസകള്‍!

Tuesday, September 1, 2009

പൂക്കളാണെങ്ങും


തെരുവില്‍ ത്മിഴ് സ്ത്രീകള്‍ വില്‍ക്കാന്‍
കൂട്ടിയിട്ട പൂക്കൂമ്പാരങ്ങള്‍,സുഗന്ധങ്ങള്‍ അഴിച്ചു വെച്ച
അതിന്‍റെ വാടിയ നിറങ്ങള്‍.
മുറ്റത്ത്‌, കടത്തിണ്ണകളില്‍
ബാല്‍ക്കണിയിലെ ഇത്തിരി വട്ടത്തില്‍,
എങ്ങും പൂവുകള്‍.
മക്കളെ സ്ക്കൂളില്‍ വിടാന്‍ എന്നും നടക്കുന്ന ഈ വഴിയിലെ
പൂത്തു ചൊരിയുന്ന മരം,
പൂക്കളില്‍ ചവിട്ടാതെ കടക്കാന്‍ പറ്റാത്ത വിധം
വഴി നിറയെ പൂക്കള്‍.
നീ മാത്രമിങ്ങനെ നിറഞ്ഞു കവിയുന്നതെന്തെന്നു
ചോദിയ്ക്കും പോലെ നോക്കി മറ്റു മരങ്ങള്‍.
ഓരോ പഴങ്കഥകള്‍ കൊണ്ടെങ്കിലും
പൊലിപ്പിച്ചെടുക്കാന്‍ വര്‍ഷത്തില്‍ ഇത്തിരി
സന്തോഷങ്ങള്‍ നമ്മോടു കൂടെയിരിയ്ക്കട്ടെ.
ഓണാശംസകള്‍.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP