Saturday, August 8, 2009

കല്ലുറവ


അരഞ്ഞരഞ്ഞു തീരുമ്പോഴാണ് മിനുസങ്ങളിലേയ്ക്കു പാകപ്പെടുക
അരികുകള്‍ പോലും മൂര്‍ച്ചയായിരുന്ന കല്ലിന്‍റെ പ്രാചീനതയില്‍ നിന്നും
നടുക്‌ കുഴിഞ്ഞൊരു അരകല്ലാകുമ്പോള്‍, അടുക്കളപ്പുറത്ത്
എനിയ്ക്ക് കാണാം കണ്ണാടിയില്‍ സ്വയം എന്ന പോലെ ഒരുവളെ,
എണ്ണ കിനിയുമെന്നു തോന്നും വിധം തേഞ്ഞു മിനുത്ത വിരലുകളെ.
അവള്‍ തൊടുമ്പോള്‍ മാത്രം എനിയ്ക്ക് കേള്‍ക്കാം
പണ്ടെങ്ങോ അരികിലൂടെ ജലമൊഴുകിയ അതേ സ്വരം.

(ഇത് നന്ദയ്ക്കും ലേഖയ്ക്കും, ജലം പോലെ തൊട്ട സ്നേഹങ്ങള്‍ക്ക്‌)

Wednesday, August 5, 2009

മഴത്തിണ്ണ-രണ്ട്


പതിവ് വഴിയില്‍ പലയിടങ്ങളിലായി
മാറി മാറി കാണുന്നൊരാള്‍,
എത്ര കാലമായിട്ടുണ്ടാവും മഴയ്ക്കും
വെയിലിനുമിങ്ങനെ കുടശീല തുന്നുന്നു,
മരച്ചോട്ടിലും കുട മറവുകളിലുമിരുന്ന്
പല ജീവിതങ്ങള്‍ക്ക് തണലും തോര്‍ച്ചയുമാകുന്നു

Sunday, August 2, 2009

മഴത്തിണ്ണ-ഒന്ന്


തിരികെ വരുമ്പോള്‍ ‍ കണ്ടു,
മഴയിലേയ്ക്കയാള്‍ കുടയില്ലാതെ
ഇറങ്ങി നടക്കുന്നു,
നനയുന്നുന്ടെന്ന ഭാവമേയില്ലാതെ.
അല്ലെങ്കില്‍ ഒരു പക്ഷെ
മഴ പെയ്തിട്ടേ ഇല്ലായിരിയ്ക്കാം!

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP